അരിപ്പീട്യ
...............................
ആനാതിൽ റിപ്പബ്ലിക്കുകാർ തങ്ങളുടേതെന്നും മോപ്പൂരുകാർ അവരുടേതെന്നും വിശ്വസിച്ച് കൈവശം വെക്കുന്ന പ്രദേശമാണ് പെരിങ്കിടക്കുന്ന്. ഉടമസ്ഥതയെച്ചൊല്ലി തർക്കങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും അത് ഒരു തുറന്ന യുദ്ധമായി ഇതുവരെ പരിണിതപ്പെട്ടിട്ടില്ല. കന്നിൻ്റെ നെറുകൻ തലേലുള്ള ചെക്കിണ്യേട്ടൻ്റെ വീടിൻ്റെ അടുക്കളയും കോപ്പിര്യയും മോപ്പൂരിൽ പെട്ടതാണെന്ന് വസ്തുതാപരമായി തെളിഞ്ഞതോടെ അദ്ദേഹത്തിൻ്റെ പൗരത്വത്തെച്ചൊല്ലി അല്ലറ ചില്ലറ പ്രശ്‌നങ്ങൾ ഉദയം ചെയ്തിരുന്നു. മോപ്പൂരിലെ പൗരന്മാർക്ക് കൂടുതൽ റേഷനരിയും മണ്ണെണ്ണയും പഞ്ചസാരയും മഴക്കാലത്തുള്ള സവിശേഷ ആനുകൂല്യങ്ങളും ലഭിക്കും എന്നത് പൗരത്വ തർക്കത്തിന് ശക്തി പകർന്നു. എന്നാൽ ചെക്കിണ്യേട്ടൻ്റെ പൗരത്വം ചർച്ചയാവുന്നത് ഭാവിയിൽ പ്രശ്നമാവും എന്ന് തിരിച്ചറിഞ്ഞ ഭരണാധികാരികൾ അത് വലിയ നിയമ പ്രശ്നമാകുന്നതിനു മുൻപ് വേഗം തന്നെ പരിഹരിച്ച് കുന്നിൽ സമാധാനം പുന:സ്ഥാപിച്ചു.
'ഇദ്ദുനിയാവിലെ ഏറ്റോം വല്യ കുന്നാണിതെ'ന്ന് കോയോട്ടിക്ക കുന്നു കേറുന്നതിനിടയ്ക്ക് പറഞ്ഞപ്പോൾ കേളപ്പേട്ടൻ ഏങ്ങിക്കൊണ്ട് തിരുത്തിയത് 'അപ്പോ എവറസ്റ്റോ' എന്ന ചോദ്യം കൊണ്ടാണ്. 'അല്ല കേളപ്പാ ഞ്ഞെന്ത് മനിച്ചനാ. അയിന് എവറസ്റ്റ് ഇമ്മടെ ദുനിയാവിലല്ലാലോ' ന്ന് കോയോട്ടിക്ക തിരുത്തിക്കൊടുക്കും. ദുനിയാവിൻ്റെ നിർവ്വചനത്തെക്കുറിച്ച് തർക്കിക്കാൻ നിൽക്കാതെ കേളപ്പേട്ടൻ തലയാട്ടും. എന്നിട്ട് 'സ്വന്തം പറമ്പിൻ്റെ അതിര് വരെ, ഗുളികന് വെച്ചു കൊടുക്കുമ്പോ കത്തിക്കുന്ന പന്തത്തിനേക്കാൾ ഗുലുമാല് പിടിച്ചതാണ് കോയോട്ടിക്കാ'ന്ന് മനസ്സിൽ പറയും. കുന്നിന് സമുദ്രനിരപ്പിൽ നിന്നും എത്രയടി പൊക്കമുണ്ട്ന്ന് ആനാതിലിലെ ജിയോളജിസ്റ്റുകൾ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലാത്തതിനാൽ അത് പടച്ചോന് മാത്രമറിയാം. ഒന്നറിയാം, കളരിമലയേക്കാളും മാടോപ്പാനിക്കുന്നിനേക്കാളും പൊക്കോണ്ട് പെരിങ്കിടക്കുന്നിന്.
കുന്നുമ്മലേക്കുള്ള ഇടവഴി പെരുമ്പാമ്പ് പോലെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്നത് കളരി മലേന്നും മാടോപ്പാനീന്നും നോക്കിയാൽ കാണാം. മഴക്കാലായാൽ ഇടവഴിയിലൂടെ നടക്കാൻ പറ്റാണ്ടാകും. കുന്നിൽ നിന്നും വരുന്ന മലവെള്ളം താഴേക്ക് ഒലിച്ചുപോകുക പെര്യേൻ്റെ നടുവിലൊക്കെ വലിയ ചാലുകളുണ്ടാക്കിക്കൊണ്ടാണ്. പോരാത്തേന് കൊയ്യാൻ കയ്യാത്ത ചക്കേം പറയ്ക്കാൻ കയ്യാത്ത മാങ്ങേം വീണ് ചീഞ്ഞ് കെട്ട് കെടക്കും പെര്യേമ്മല്. ചെലപ്പോ ചത്ത പാമ്പുണ്ടാകും. ഇടവഴീൻ്റെ രണ്ട് ഭാഗത്തുമുള്ള വലിയ കൊള്ളുകളുടെ മേലെ നെറയെ പച്ചക്കാട് പിടിച്ച് പെര്യേമ്മലേക്ക് മറഞ്ഞു കെടക്കുന്നുണ്ടാവും. നടന്ന് പോവുമ്പോ കാട്ടിൻ്റെ മോള്ന്ന് കഴുത്തിലേക്ക് പാമ്പ് ഊരി വീഴോന്ന് പേടിച്ചാണ് പിന്നത്തെ മലകയറ്റം.
കുന്നിൻ്റെ ഏറ്റവും മുകളിൽ മേഘങ്ങൾ ഇറങ്ങി വരുന്നിടത്താണ് കേളപ്പേട്ടൻ്റെ വീട്. മഞ്ഞുകാലത്ത് ജനലിലൂടെ കോട, ചെത്തിത്തേക്കാത്ത മുറിക്കകത്തേക്ക് ഊർന്നിറങ്ങും. പറമ്പിലെ ചേമ്പിൻ്റെയും ചേനയുടേയും ഇലകളെ മഞ്ഞ് നക്കിത്തുടയ്ക്കും. കോഴിക്കുട്ട്യേളും അട്ടിൻ കുട്ട്യേളും മഞ്ഞുമറയ്ക്കുളളിൽ കൂനിക്കൂടും. കേളപ്പേട്ടൻ്റെ പറമ്പ് കഴിഞ്ഞാൽ കോയോട്ടിക്കാൻ്റെ പൊരവരെ ഇഞ്ചിപ്പുല്ല് മൊളച്ച് വളർന്ന് പൊന്തയായിക്കിടക്കുന്ന സ്ഥലാണ്. ഇതിനിടയിൽ നല്ല വെഷോള്ള ജാതികൾ ണ്ടെന്ന് പറേന്ന്ണ്ട് ആനാതിലിലെ മുയ്മൻ ആളോളും. കോയോട്ടിക്ക ചെലപ്പം കാണാറൂണ്ട്.
പാർട്ടി ശാസനകളിൽ നിന്ന് കടുകിട (കടുകിനേക്കാൾ സൂക്ഷ്മം എന്നു പറയുന്നതാണ് കുറച്ചൂടി ശരി) വ്യതിചലിക്കുന്നത് മൃതിയേക്കാൾ ഭയാനകമാണ് കേളപ്പേട്ടന്. കുന്നിൻ്റെ മുകളിൽ നിന്ന് കാണുന്ന രാജ്യങ്ങളുടേയെല്ലാം പ്രശ്നങ്ങൾക്ക് പ്രധാന കാരണം തൻ്റെ പാർട്ടി അവിടങ്ങളിൽ വേരിറങ്ങാത്തത് മാത്രമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന കേളപ്പേട്ടൻ്റെ ഏറ്റവും വലിയ അഭിലാഷം മരിക്കുമ്പോൾ വിവിധ വർണ്ണങ്ങളാൽ ആകർഷകമായ തൻ്റെ പാർട്ടി പതാക പുതച്ച് കിടക്കണം ന്നാണ്. അതിനായി പാർട്ടിയുടെ വല്യൊരു പതാക സംഘടിപ്പിച്ച് തൻ്റെ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചു വെച്ചിട്ടൂണ്ട് കേളപ്പേട്ടൻ. കൂറ മിഠായി മണക്കുന്ന പെട്ടി തുറക്കുന്നേരൊക്കെ കലിതുള്ളുന്ന കല്ല്യാണ്യേട്ത്തി ഇടത്തു കയ്യാൽ അഴിഞ്ഞ വാർകൂന്തലൊതുക്കി പാർശ്വസ്ഥനായ പതിയോടുരയ്ക്കും 'ങ്ങക്ക് മൊരത്ത പ്രാന്താ'. കുന്നിൻ്റെ മോളിലെ ആഞ്ഞിലി മരത്തിൻ്റെ തൃശ്നീല് ഏങ്ങി വലിഞ്ഞ് കയറി ഒരു പതാക ആനാതിലിൻ്റെ എല്ലാ മൂലയിൽ നിന്നും കാണാവുന്ന വിധത്തിൽ ഉയർത്തിക്കെട്ടിയപ്പോഴും കല്ല്യാണ്യേട്ത്തിയുടെ ഡയലോഗ് ഇതുതന്നെയായിരുന്നു.
കോപ്പിന് പോകുമ്പോൾ പോലും കുപ്പായമിടാത്ത കേളപ്പേട്ടൻ്റെ വേഷം ഒരു തോർത്തുമുണ്ടാണ്. പ്രധാന പരിപാടികളിൽ സംബന്ധിക്കുമ്പോൾ ഒരു വെളുത്ത തോർത്തും അല്ലാത്ത സമയങ്ങളിൽ മണ്ണിൻ്റെ നിറമുള്ളയൊന്നും. തോർത്തിനടിയിൽ ഇരുവശത്തും കീശയുള്ള ഒരു ട്രൗസറുമുണ്ടാകും. യു ഐ ഡി പോലെ കാതിൽ ഒരു കടുക്കനുമുണ്ട് കേളപ്പേട്ടന്. സന്തത സഹചാരിയായ പിച്ചളപ്പിടിയുള്ള മടക്കുപിച്ചാത്തി തോർത്തിൻ്റെ കോന്തലയ്ക്കൽ ചുരുട്ടിത്തിരുകിയിട്ടുണ്ടാകും. ഇത് പക്ഷെ അടക്ക ചുരണ്ടാൻ മാത്രമെ പുറത്തെടുക്കാറുള്ളൂ എന്നാണ് സ്ഥലത്തെ പ്രധാന പത്രങ്ങളെല്ലാം പ്രചരിപ്പിക്കുന്നത്. ഇതിന് മറുപടിയായി താൻ അഹിംസാവാദിയല്ലെന്നും വേണ്ടിവന്നാൽ പിച്ചാത്തി പ്രയോഗത്തിന് മടിക്കില്ലാന്നും പലതവണ പത്രസമ്മേളനം നടത്തി കേളപ്പേട്ടൻ പ്രസ്ഥാപിച്ചിട്ടുണ്ട്. മാത്രവുമല്ല പിച്ചാത്തി ആഗോളതലത്തിൽ മാറ്റത്തിൻ്റെ ചിഹ്നമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതുവരെ ആനാതിലിന് പുറത്തു പോകാത്ത പത്രപ്രവർത്തകരോട് അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നു.
തൻ്റെ പാർട്ടി ഭരിക്കുമ്പോൾ മാത്രമാണ് കേളപ്പേട്ടൻ റേഷൻ പീട്യേൽ പോവുകയുള്ളൂ. ശനിയാഴ്ച വൈകുന്നേരങ്ങളിൽ പേരമക്കളേയും കൂട്ടി രണ്ടു മൈൽ അപ്പുറത്തുള്ള അരിപ്പീട്യേലേക്കുള്ള കേളപ്പേട്ടൻ്റെ യാത്രകൾ ആനാതിലിൻ്റെ രാഷ്ട്രീയ ചരിത്രത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മൂന്ന് സഞ്ചികളിലായി അരി വാങ്ങിക്കെട്ടി രണ്ടെണ്ണം പേരക്കുട്ടികളുടെ തലയിൽ വെച്ചു കൊടുക്കും കേളപ്പേട്ടൻ. വലിയ സഞ്ചി സ്വന്തം തലയിൽ. സഞ്ചി തലയിലേറ്റിയാൽ പിന്നെ അത് കൈ കൊണ്ട് തൊടുകയില്ല. ഒരു സർക്കസുകാരൻ്റെ വഴക്കത്തോടെയുള്ള നടപ്പ്. കഴുത്തിൽ ചൂടി കൊണ്ടുള്ള ഒരു പിടി കെട്ടിവെച്ച മണ്ണെണ്ണക്കുപ്പി ഒരു കയ്യിൽ തൂക്കിപ്പിടിക്കും. നടക്കുമ്പോൾ ട്രൗസറിൻ്റെ അഗ്രം തോർത്തിനേയും കവിഞ്ഞ് വെളിപ്പെടും. കേളപ്പേട്ടനും കുട്ടികളും തലയിൽ അരിസഞ്ചിയുമായി വരിവരിയായി വരുന്നതിനെ മോപ്പൂരുകാർ അവരുടെ അമ്പലത്തിലെ താലപ്പൊലിയോട് ഉപമിച്ചാണ് കളിയാക്കുന്നത്. എന്നാൽ ഇത് ആനാതിലിൽ ലഭ്യമായ റേഷൻ സമ്പ്രദായത്തെ പരിഹസിക്കാനുള്ള ശ്രമമായി വിലയിരുത്തി കേളപ്പേട്ടൻ പൂർണമായും തള്ളിക്കളഞ്ഞു.
ഈ യാത്രയുടെ ഇടയിലെ വിശ്രമം പള്ളിമുക്കിലുള്ള ദാമോരേട്ടൻ്റെ പീട്യേലാണ്. പീട്യേൻ്റെ മുന്നിലെ ചെറിയ കൺമതിലിൽ അരി സഞ്ചികൾ നിരത്തി വെക്കും. മണ്ണെണ്ണ സുരക്ഷിതമായി പീട്യകൊനായയിലും. അപ്പോഴേക്കും പള്ളിമുക്കിൽ നെറച്ചും ആളുകൾ കൂടിയിട്ടുണ്ടാകും. പണി കയറി കുളി കഴിഞ്ഞ് സമയം കളയാൻ വരുന്നവരും പീട്യേൽ ചായപ്പൊടീം പഞ്ചസാരേം വാങ്ങാൻ വന്നവരുമടക്കം കുറേയാളുകൾ കൂടി നിൽക്കുന്നുണ്ടാകും അവിടെ. തുടർന്ന് കേളപ്പേട്ടൻ്റെ അനുപമമായ ഒരു പെർഫോമെൻസിന് സാക്ഷ്യം വഹിക്കും പള്ളിമുക്ക്. 'നല്ല കറമൂസക്കുരു പോലത്തെ അര്യല്ലേ കൊടുക്കുന്നെ മ്മള ഗവമ്മേണ്ട്. പോരാത്തേന് പഞ്ചാരേം. ഇപ്പം കുപ്പായത്തുണീം ണ്ട് പീടിയേല്.' കേളപ്പേട്ടൻ റേഷൻ കാർഡ് ഉയർത്തിപ്പിടിച്ച് തുടരും 'ഇക്കൗപ്പനാണെ സത്യം ഇതുപോലെ മ്മക്ക് ഇതുവരെ അരിപ്പീട്യേന്ന് കിട്ടീറ്റില്ല'. ഇതിനിടയ്ക്ക് സാമ്പിൾ കാണിക്കുന്നത് പോലെ സഞ്ചിക്കെട്ടഴിച്ച് പലതവണ അരി കൈ കൊണ്ട് വാരി സഞ്ചിയിലേക്ക് തന്നെ ഇടേം ചെയ്യും.
ഭരണം മാറിയാൽ കേളപ്പേട്ടൻ റേഷൻ കടയിൽ പോകില്ല. വൈകുന്നേരം ആളുകൂടുമ്പോൾ ദാമോരേട്ടൻ്റെ പീട്യയിൽ വന്ന് അരി വാങ്ങിക്കും. അപ്പോൾ ലോട്ടറി കണാരൻ വെറുതെ ചോദിച്ചിടും ' അല്ല കേളപ്പേട്ടാ റേഷമ്പീട്യേപ്പോയില്ലേ? എടപ്പീട്യേന്ന് അരിമാങ്ങി ഒപ്പിക്കേനാവോ?' പിന്നെ കേളപ്പേട്ടൻ്റെ ഊഴമാണ്. 'റേഷമ്പീട്യ... കോഷമ്പീട്യാ. പുഴുത്തെര പിടിച്ച പച്ചരി തിന്നാൻ മ്മളെന്താ പൈക്കളാ? മനിച്ചമ്മാരെ ഓറമ്മ മാണം ഗവമ്മേണ്ടിന്. അരീണ്ടോ? ചിമ്മിണീണ്ടോ? ങ്ങനെ എങ്ങന്യാ ജീവിക്യാ.
കേളപ്പേട്ടൻ്റെ കഴുത്തിലെ ഞരമ്പുകൾ വീർത്തു വരും. കൈവിരലുകൾ വിറകൊള്ളും. എന്നാൽ അപ്പോഴും കേളപ്പേട്ടൻ ആരും കാണാതെ കല്ല്യാണ്യേട്ത്തീന റേഷമ്പീട്യേല് വിട്ട് അരി വാങ്ങിപ്പിക്ക്ന്ന് ണ്ട് ന്ന് ആനാതിലിൽ പലരും അടക്കം പറയുന്നുണ്ട്.

No comments:
Post a Comment