ഉച്ചപ്രാന്തൻ
..................
1945 ആഗസ്ത് 6 ന്
നട്ടുച്ചക്കാണ് തര്പ്പൻ എന്ന ത്രികാലജ്ഞാനി ആനാതിലിൽ ഉരുവം ചെയ്യുന്നത്.
അയാളുടെ കിളർച്ചയുടെ കോണിപ്പടികളെല്ലാം മീറോട് മലയുടെ പള്ളയിൽ പടരുന്ന
ഇഞ്ചപ്പുല്ലിൻ്റെയും പറങ്കിമാങ്ങയുടെയും മണങ്ങളിലലിഞ്ഞ്
നിറഞ്ഞ് കിടക്കുന്നുണ്ട്.
യുഗങ്ങളായി മാടോപ്പാനിക്കുന്നിൻ്റെ നിഗൂഢതകളിലെവിടെയോ സമയവ്യതിയാനങ്ങൾക്ക്
കീഴടക്കാനാവാതെ തര്പ്പൻ താമസിക്കുന്നു. കോടമൂടിയ കുന്നിൻ്റെ നീലനിറം
ഭേദിച്ച് വൈകുന്നേരങ്ങളിൽ അയാൾ താഴ് വരയിലേക്ക് ഇറങ്ങി വരും
"മോപ്പൂരമ്പലത്തില് വെളക്ക്ത്തിരീട്ട് കത്തിക്കുമ്പോ വെളക്കെണ്ണേൻ്റെ മണം
കാറ്റില് കുന്ന് കേറി വരും. അന്നേരം തര്പ്പന് ഉള്ള് പൊകഞ്ഞ് കേറും.
അമ്മണത്തിന് എന്തൊക്യോ കൊയപ്പങ്ങളാ. കപ്പക്കണ്ടത്തിൽ കുടുങ്ങിപ്പോയ
മുയുനെപ്പോലെ ഒരു പൊളപ്പ് ണ്ടാക്കും അത്. മുയൂനെപ്പോലെ കയ്യിന്ന്
വൈതിപ്പോയ ഓരോന്നും കെളന്ന് വരും കുരുപ്പ്ങ്ങളെപ്പോലെ. അന്നേരം ങ്ങ് കീയണം
നെരോത്തോട്ടിലേക്ക്. തോട്ടിൻ്റെ രണ്ട് പാത്തും വയിലാ. തോട്ടിലെ
വെള്ളത്തിൻ്റെ തണുപ്പും വയിലിലെ ചളീൻ്റെ മണോം കിട്ടുമ്പം പൊളപ്പിന് ഒരു
പൊത്യേര്ത്ത് ണ്ടാവും. വെളിച്ചം മറേന്ന മയിമ്പിന് നെരോത്തോട്ടിൻ്റെ
വക്കത്തെ ചെത്ത്യാലും കോര്യാലും പിന്നെം പോളിക്കുന്ന ഐറാണിക്കാടിൻ്റെ
മറേത്ത് കുത്തിരിക്കുന്ന തരിപ്പൻ്റെ നെയല് അബ്ദുള്ളക്കാൻ്റെ പീട്യേൻ്റെ
ഏറ്റവും മോളിലെ തൂമ്പ്മ്മല് കുമ്മായം തേച്ച് നീലം കൊണ്ട് വരഞ്ഞ കലപ്പ
ചോയില് വെച്ച വൈയില്ല് പണിക്കാരൻ്റെ ചിത്രം പോലെ ആദിയും അന്ത്യവുല്ലാതെ
ആനാതിലിൻ്റെ വിചാരങ്ങളിലങ്ങ് ഒറച്ചുപോയതാ. ഐറാണീൻ്റെ പൂവ്വ് പോലത്തെ ഓൻ്റെ
ചിരീം ഊരിൻ്റെ ചിഹ്നം പോലെ കരിച്ചയ്ക്കും തെളിഞ്ഞ് നിക്കും."
"1975
ജൂൺ 25 ന് നട്ടപ്പാതിരയ്ക്ക് തായത്ത് എല്ലാരും ഉള്ള് കുളുന്ന് ഒറങ്ങുമ്പോ
മാടോപ്പാനീൻ്റെ മോള്ന്ന് മയേൻ്റെ ഉള്ളിലൂടെ നിർത്താണ്ട് കൂക്കി
വിളിക്കുന്നൊരൊച്ച ഒലിച്ച് എറങ്ങി വന്ന്. കേട്ടോല് കേട്ടോല് കണ്ണ് മുറിക്കി
അടച്ച്. ചെലര് കെടന്ന പായിൻ്റാത്ത് തന്നെ മൂത്രോം ഒയിച്ച്. കാര്യം
അറഞ്ഞോലെല്ലം പോലീസ് വാതില് കുത്തിപ്പൊളിക്ക്ന്നോം കാത്ത് പെണ്ണ്ങ്ങളേം
കുട്ട്യേളേം പൊത്തിപ്പിടിച്ച് കെടന്ന് വെറച്ച്. ഉറീമ്മത്തൂക്കീട്ട കൂട്ടാൻ
വെക്ക്ന്ന ചട്ടീം ചോറിൻ്റെ കുടുക്കേം മിറ്റത്തേക്ക് പറന്ന് വീണ്
ചെതറിപ്പോകുന്നെ കണ്ണിൽക്കണ്ട് പെണ്ണ്ങ്ങള് ഞെട്ടിക്കരഞ്ഞ്. അതങ്ങന്യാ."
തര്പ്പൻ കൂക്കല് നിർത്താണ്ട് കുന്നെറങ്ങി കണ്യാണ്ടി കൊല്ലീലൂടെ
പെരിങ്കിടമല കേറി മോപ്പൂരേക്ക് നടന്ന്. മോപ്പൂരമ്പലക്കിണറ്റിൻ്റെ വക്കത്ത്
ഭഗോതി കാല് കെണറ്റിലേക്ക് നീട്ടിട്ട് കുത്തിരിക്ക്ന്ന് ണ്ട്.
പാതിരാപെയ്ത്തിൻ്റെ കറുപ്പ് അമ്പലത്തിനപ്പാട് മൂടിറ്റ് ണ്ട്. ന്നാ ഭഗോതി
പത്ത് പന്തം ഒന്നിച്ച് കത്തിച്ച പോലെ തെളങ്ങ് ന്ന്. മീട്മ്മന്ന് വര്ന്ന
വെളിച്ചം മയേനേം തൊളച്ച് കടന്ന് വെര്ന്ന് ണ്ട്. ഭഗോതി വിളിച്ച് , "തര്പ്പാ
ഞ് അട് ത്തേക്ക് നിക്ക്. വായ് തൊറന്ന് മ്ണ്ടര്ത് ന്നും കൈയ്യ് ചുര്ട്ടി
പൊന്തിക്കര്ത് ന്നും ഓറ കൽപ്പനേണ്ടല്ലോ. ന്നാലും ഞ് വാ. പേടിക്കണ്ട.
എല്ലങ്ങ് ശര്യാം. എല്ലപ്പോം വെയിലല്ലാലോ. മഞ്ഞും മയേം ഒക്കെ ണ്ടാവല്ലോ.
ധൈര്യായിരിക്ക്. ണ്ക്ക് മൂന്ന് കാലോം കാണ. അതോണ്ട് ഞ് ചിരിച്ച് ചിരിച്ചാ
ചാവ്അ. എന്നാ പിന്നൊന്നുല്ല. എന്നക്കണ്ടെ ഞ് ആരോടും പറേണ്ട. നിന്നക്കണ്ടെ
ഞാനും ആരോടും പറയേല.' പന്തം പത്തും ഒന്നിച്ച് കെട്ടു. തര്പ്പൻ കൈമുഷ്ടി
ചുരുട്ടി മുകളിലേക്ക് ഉയർത്തി വിളിച്ചു. 'ൻ്റെ തമ്പായേ.' അയാള് ഇരുട്ടില്
പോതം കെട്ട് വീണ്.
പിറ്റേന്ന് രാവിലെ അബ്ദുള്ളക്കാൻ്റെ
പീട്യത്തലക്കൽ തര്പ്പൻ ഉടുത്തമുണ്ട് പൊതച്ച് കുന്തിച്ചിര്ന്ന് വെറപിടിച്ച്
പിറുപിറക്ക്ന്നത് കേളപ്പേട്ടൻ കേട്ടു. 'ഇതൊന്നും കള്യല്ല മക്കളെ.. കളി
വര്ന്നേ ള്ളൂ. പണ്യെട് ത്തേൻ്റെ കൂലിക്ക് ചോയിച്ചാ പോലീസ് പിടിച്ചെണ്ടോയി
അടിച്ചങ്ങ് തൂറിക്കും. ഞാൻ പണിക്ക് പോകാത്തോണ്ട് പേടീല്ല. ങ്ങ്ളൊക്കെ
ഉടുത്ത കോണോനും ഓറമ്മല്ലാണ്ട് ഓട്ന്ന കാലം വര്ന്ന് ണ്ട്. ന്നാലും മാറും.
എല്ലപ്പോം വെയിലല്ലാലോ. മഞ്ഞും മയേം ഒക്കെ ണ്ടാവല്ലോ. ധൈര്യായിരിക്ക്.
ധൈര്യായിരിക്ക്.. '
'ഇവൻ്റെ മോന്തായക്കോല് മുയിമനായും
എളകിപ്പോയീന്നാ തോന്നുന്നേ'. പോതം പോതം ന്ന് പറേന്നെ വല്യ എടങ്ങാറ്
പിടിച്ചൊരു സംഗത്യാപ്പോ... തിന്നാൻ വെച്ചേല് മുടിചൊറഞ്ഞത് പോല്യാ.
അങ്ങോട്ടും ഇങ്ങോട്ടും ഒന്നും കയ്യൂല. കൊറേ മുമ്പ് മോപ്പൂരിന്നും ആനാതില്
വയി കൊയിലാണ്ടിലേക്ക് എല്ലന്നും ഒരുത്തൻ ബെർതേ നടക്വാനും. ബറും ബെർതെ.
വൈന്നേരം തിരിച്ചും നടക്കും. താടീം മുടീം ചെട പിടിച്ച് കണ്ണില് ചീയും
നെറഞ്ഞ് ഒരുത്തൻ. ഓൻ്റെ തോറത്ത് ചാല്യൻ മുക്ക്യാരെ വെള്ളം കണ്ടിറ്റില്ല.
തിരിച്ച് നടക്കുമ്പോ അമ്പട്ടൻ കുഞ്ഞാമൂൻ്റെ പീട്യക്കൊനാല് ഒന്ന്
കുത്തിരിക്കും ഓൻ. ഒരീസം കുഞ്ഞാമും ഏങ്കലസ് കോരേട്ടനും കൂടി ഓന
പിടിച്ചേച്ച് മുടി വെട്ടി താടീം വടിച്ച് കുളിപ്പിച്ച് തിരിമ്പി വെളിപ്പിച്ച
തോറത്തും ഉടുപ്പിച്ച് അബ്ദുള്ളക്കാൻ്റെ പീട്യേന്ന് പൂളക്കറീം പിട്ടും
മാങ്ങിക്കൊട്ത്ത്. അതും തിന്ന് ഓനാടത്തന്നെ കുത്തിരിഞ്ഞ്. പോന്നില്ലേന്ന്
ചോയിച്ചപ്പം ഓൻ കരഞ്ഞ് തൊടങ്ങി. എനി നിക്കാരാ ന്തേലും തര്യാ
ഞാമ്പ്രാന്തനല്ലാണ്ടായിപ്പോയില്ലേ. കുഞ്ഞാമൂം കോരനും മീട്ടത്തോട് മീട്
നോക്കി നിന്നോയ്. '
അബ്ദുള്ളക്കാൻ്റെ പീട്യേലെ പൂളക്കറിയാണ്
ആനാതിലിലെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തൻ്റെ ഊർജ്ജകേന്ദ്രം. തര്പ്പൻ
നെറന്ന വെളിച്ചത്തില് താഴെക്കിറങ്ങുന്നത് അബ്ദുള്ളക്കാൻ്റെ പീട്യേലേക്ക്
മാത്രമാണ്. കൊടും പട്ടിണി കരിച്ചു കളയുമ്പോൾ കയ്യിലൊന്നുമില്ലാത്തവനടക്കം
എല്ലാവർക്കും പള്ളേലെ കത്തലടക്കാനൊരിടമാണത്. ഇവിടെ നിന്നാണ് ആനാതിലിനു
പുറത്തുയരുന്ന വിപ്ലവത്തിൻ്റെ ചൂര് കുന്നിലേയ്ക്കും താഴ് വരയിലേക്കും
പരന്നൊഴുകുന്നത്. നേതാക്കൾ രാഷ്ട്രീയ നീക്കങ്ങളുടെ പദ്ധതികൾ
രൂപപ്പെടുത്തുന്നതും പലപ്പോഴും അബ്ദുള്ളക്ക ഒഴിച്ചു കൊടുക്കുന്ന
ചൂടുവെള്ളം കുടിച്ചു കൊണ്ടായിരിക്കും. അങ്ങനെ അബ്ദുള്ളക്കാൻ്റെ കച്ചോടം ഒരു
രാഷ്ട്രീയ പ്രവർത്തനമായി പരിണമിക്കുന്നു.
തര്പ്പൻ ആനാതിലിലെ
ആരുമായും നേരിട്ട് ഒരു സംഭാഷണവും ഇതുവരെ നടത്തിയതായി ആർക്കും ഓർമ്മയില്ല.
പെറ്റെട്ത്തിലും ചത്തെട്ത്തിലും നാലാള് കൂടുന്നെട്ത്തിലും ആരും തരിപ്പനെ
കണ്ടിറ്റും ഇല്ല. എന്നിട്ടും ആനാതിലിൻ്റെ ഭൂതവും വർത്തമാനവും തരിമ്പും
വിടാതെ അയാൾക്കറിയാം. ഭാവിയും ആ നിഗൂഢമനസിൽ സുവ്യക്ത
രേഖകളായിക്കിടക്കുന്നു. ഇതെങ്ങിനെയെന്നത് ആനാതിലുകാർക്ക് ഉത്തരം കിട്ടാത്ത
നിരവധി ചോദ്യങ്ങളിൽ ഒന്നായി അവശേഷിക്കുന്നു.
No comments:
Post a Comment